ശ്രീ മുത്തപ്പൻ മടപ്പുര, ആലത്തട്ട്

പൊടിക്കളമായും, ദേവസ്ഥാനമായും, പ്രതിഷ്ഠാകർമത്തോടെ മടപ്പുരയായും മാറി. ഇപ്പോൾ ആലത്തട്ട് ശ്രീ മുത്തപ്പൻ മടപ്പുര എന്നപേരിൽ അറിയപെടുന്നു. കൂവ്വേരി വില്ലേജിലെ ആലത്തട്ട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ശ്രീ മുത്തപ്പൻ മടപ്പുര ഇന്ന് അന്യനാട്ടിൽ പോലും ശ്രദ്ധിക്കപ്പെടുന്ന മടപ്പുരകളിൽ ഒന്നായി മാറി കഴിഞ്ഞിരിക്കുന്നു. കലിയുഗവരദനായ ശ്രീ മുത്തപ്പൻ ദൈവത്തിന് സർവ്വജനങ്ങളുടേയും പ്രാർത്ഥനയുടേയും പ്രവർത്തനത്തിന്റെയും ഫലമായി ചുരുങ്ങിയ കാലയളവിൽ തന്നെ ദേവസ്ഥാനം മാറ്റി മടപ്പുരയാക്കി മാറ്റാൻ സാധിച്ചു. തച്ചുശാസ്ത്രവിദ്യയിലും ക്ഷേത്ര നിർമാണത്തിലും അനുഗ്രഹീതവും ആധുനികതയും ഐശ്വര്യദായകവുമായ മാതൃകയിലാണ് മടപ്പുര നിർമിച്ചിരിക്കുന്നത്. ക്ഷേത്രശില്പി കണ്ണൻ ആചാരി അവർകളാണ്. 1182 മേടം 25 (2007 മെയ് 9)ന് ക്ഷേത്രപ്രതിഷ്ഠാകർമ്മം നടന്നു. 1182 മേടം 24,25,26,27 (2007 മെയ് 8,9,10,11) തീയ്യതികളിൽ ക്ഷേത്രാചാരപ്രകാരമുള്ള പൂജ മന്ത്രവിധികളോ‍ടെ തന്ത്രീശ്വരൻ ബ്രഹ്മശ്രീ നടുവത്ത് പുടവൂരില്ലത്ത് നാരായണൻ നമ്പൂതിരിപ്പാട് അവർകൾ പ്രതിഷ്ഠാകർമ്മം നടത്തി.

 

എല്ലാവർഷവും മേടം 25 പ്രതിഷ്ഠാദിന തിരുവപ്പനോത്സവമായി കൊണ്ടാടുന്നു . പ്രതിഷ്ഠാദിനത്തിൽ തന്ത്രിയുടെ സന്നിദ്ധ്യത്തിൽ താന്ത്രിക പൂജ നടന്നുവരുന്നു.

 


തുടക്കം മുതൽക്കുതന്നെ മടപ്പുര ആയതിനാൽ മടയന്‍റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. സ്ഥാനിക മടയൻ എം. ശേഖരൻ മടയൻ, ആൾ മടയൻ, എ.എം. രാജേഷ്, ബി. ബാലൻ എന്നിവരും കലശക്കാരയി. വി. നാരായണൻ, ടി. രാജേഷ് എന്നിവരും കർമങ്ങൾ നടത്തിപ്പോരുന്നു. അടിച്ചുതളി, അന്തിദീപം ഒ.വി. കല്യാണി, വി.വി. യശോദ എന്നിവർ നടത്തിവരുന്നു. ഉത്സവകാലങ്ങളിൽ കോലധാരികളായെത്തുന്നത് ശശീന്ദ്രൻ പെരുവണ്ണാന്‍റെ നേതൃത്വത്തിലുള്ള കലയാടിമാരാണ്. സംഗീത-വാദ്യഘോഷാദികളുമായെത്തുന്നത് പി.കെ. സത്യൻ അവര്‍കളാണ്.

 

ഇവിടുത്തെ പ്രധാന വഴിപാട് പയംകുറ്റിയാണ്. തിരുവപ്പന, വെള്ളാട്ടം, ഊട്ടും വെള്ളാട്ടം, പയംകുറ്റി വെള്ളാട്ടം, കരിംകലശം,ചോറൂണ്, തുലാഭാരം തുടങ്ങിയ മറ്റു വഴിപാടുകളും നടത്തിപ്പോരുന്നു.

 

2004 ഏപ്രിൽ 4ന് തിടിൽ രാജേഷിന് ശ്രീ മുത്തപ്പ ഭഗവാന്‍റെ സ്വപ്ന ദർശനം ലഭിക്കുകയും അന്നു തന്നെ സമീപവാസികളോടും ചങ്ങാതിമാരോടും ഈ കാര്യം പറയുകയും ചെയ്യുകയും ചെയ്തു. അങ്ങിനെ ഒരു സ്ഥലം കണ്ടെത്തി ഒരു കല്ല് വെച്ച് വിളക്ക് തെളിയിക്കുകയും ചെയ്തു. പിന്നീട് നാട്ടുകാരുടെ കമ്മറ്റി വിളിച്ചു ചേർത്ത് മുഴുവൻ ഗ്രാമവാസികളോടും ഈ കാര്യം അറിയിക്കുകയും ശ്രീ കെ. ഗോപാലൻ പ്രസിഡണ്ടായി ഒരു ജനകീയ കമ്മറ്റി രൂ‍പീകരിക്കുകയും ചെയ്തു. ടി.വി. ശ്രീധരൻ, ടി.വി. പത്മനാഭൻ,  കെ. ഫൽഗുനൻ, കെ. കുമാരൻ, ടി. രാജേഷ്, ടി. കരുണാകരൻ, പി.വി. രാജൻ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. ഈ കമ്മറ്റി കാലാവധി പൂർത്തിയാക്കുകയും ഇപ്പോൾ പുതിയ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. എം. കരുണാകരൻ പ്രസിഡണ്ടായും എം .വി. പത്മനാഭൻ, പി.വി. രാജൻ, എം.വി. നാരായണൻ, കെ. കുമാരൻ, ടി. കരുണാകരൻ എന്നിവർ എക്സിക്യൂട്ടീവായും ക്ഷേത്രകാര്യങ്ങൾ നടത്തിപ്പോരുന്നു. എല്ലാ വർഷവും പ്രതിഷ്ഠാദിനതിരുവപ്പന മഹോത്സവമായി നടത്തി വരുന്നു.കൂടാതെ പുത്തരി മഹോത്സവവും വിഷുക്കണി ദർശനവും ബുധൻ ശനി ദിവസങ്ങളിൽ നട തുറന്ന് പയംകുറ്റിയും നടത്തി വരുന്നു. എല്ലാ മാസവും സംക്രമ ദിവസങ്ങളിൽ ചുറ്റു വിളക്കോടു കൂടിയ പയംകുറ്റിയും സ്ഥലദേവതയായ ചാമുണ്ഡേശ്വരിക്ക് കലശവും നൽകിവരുന്നു.

 

ഉദ്ദേശിച്ചതിലും എത്രയോ മുൻപു തന്നെ ഉദാത്തമായ നിലയിൽ ക്ഷേത്ര പ്രവർത്തങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞു. മടപ്പുരയുടെ നടപ്പന്തൽ നിർമ്മാണം പൂർത്തീകരിച്ചെങ്കിലും ക്ഷേത്രത്തോടനുബന്ധിച്ച് ഊട്ടൂപുര, ഓഫീസ് എന്നിവ പൂർത്തീകരിക്കേണ്ടതുണ്ട്. ഭക്തിയുടെയും വിശ്വാസത്തിന്റെയും ഒരു പുത്തൻ ഉണർവ് ഇവിടം പ്രത്യേകിച്ച് യുവാക്കളിൽ കാണുന്നുണ്ട്. തിരക്കുകളുടെയും പ്രശ്നങ്ങളുടെയും ലോകത്ത് ആർക്കും ഏതു സമയത്തും മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങാനും സങ്കടങ്ങൾ ഉണർത്തിക്കാനുമുള്ള സൗകര്യം ഈ മടപ്പുരയിലുണ്ട്. ഭാവിയിൽ സാമൂഹികവും സാംസ്കാരികവും ആത്മീയവുമായ പ്രവർത്തങ്ങൾ കൊണ്ട് ആലത്തട്ട് മടപ്പുര ഉന്നതിയിലെത്തുമെന്നതിന് തർക്കമില്ല. പുഴയോര സൗന്ദര്യവും നെൽ‌പ്പാടങ്ങളും കടവും കടത്തും ജലഗതാഗതവുമൊക്കെയായി ഏറെ സജീവമായിരുന്ന കൂവേരി പുഴയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ളാവിൽ തൃക്കോവിൽ ശ്രീകൃഷ്ണക്ഷേത്രം ഏറെ പ്രസിദ്ധമാണ്. വിഷ്ണുചൈതന്യത്തിൽ അനുഗ്രഹീതമായ ഈ ക്ഷേത്രത്തിന്റെ തൊട്ടടുത്ത പ്രദേശത്താണ് ആലത്തട്ട് ശ്രീ മുത്തപ്പൻ മടപ്പുര സ്ഥിതി ചെയ്യുന്നത്. ശ്രീ നാരായണഗുരുവിന്റെ വചനത്തെ സ്വാംശീകരിക്കുന്ന രീതിയിൽ ഏത് ജാതിമത വിഭാഗക്കാർക്കും പ്രവേശനമുണ്ടെന്നതും ശ്രദ്ധേയമാണ്. നിറഞ്ഞ കണ്ണും തകർന്ന മനസ്സും കൂപ്പിയ കൈകളുമായി എത്തുന്നവരെ മുത്തപ്പൻ ഒരിക്കലും കൈവിടില്ല.

 

വിശ്വസിച്ചാളെ ചതിക്കൂല
ചതിച്ചയാളെ വിശ്വസിക്കൂല
നിന്ന കുന്നിടിക്കില്ല
തളച്ച മരം പൊരിക്കില്ല
രണ്ടവസ്ഥയില്ല ഇരുനിറമില്ല മുത്തപ്പന്
ശ്രീ മുത്തപ്പാ ശരണം

 

 

വിലാസം:

സെക്രട്ടറി/പ്രസിഡണ്ട്,
ആലത്തട്ട് ശ്രീ മുത്തപ്പൻ മടപ്പുര,
കൂവേരി.പി.ഒ,
കണ്ണൂർ 670581

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക