കൂവേരി ഗ്രാമശാസ്ത്രസമിതി
Written by കെ. മാധവന്‍ മാസ്റര്‍   

1974ല്‍ കേരള ശാസ്ത്രസാഹിത്യപരിഷത്ത്, ഗവേഷകര്‍ക്കിടയില്‍ സാമൂഹ്യബോധവും ജനങ്ങള്‍ക്കിടയില്‍ ശാസ്ത്രബോധവും വളര്‍ത്തണമെങ്കില്‍ ശാസ്ത്രത്തെ ജനങ്ങളിലെത്തിക്കുന്നതിനും അങ്ങനെ ശാസ്ത്ര-സാങ്കേതിക പ്രവര്‍ത്തനങ്ങളുടെ ഉന്നത തലങ്ങളും ഗ്രാമതലങ്ങളും സജീവമായ ഒരു ബന്ധം സ്ഥാപിക്കുന്നതിനും ഗ്രാമശാസ്ത്രസമിതികള്‍ രൂപീകരിക്കണമെന്നു ചിന്തിച്ചതിന്റെ ഫലമായി ആദ്യത്തെ ഗ്രാമശാസ്ത്രസമിതി കൂവേരിയില്‍ 1974 ഏപ്രില്‍ 7 നു കെ.മാധവന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ രൂപീകരിക്കുകയായിരുന്നു. ഓരോ ഗ്രാമശാസ്ത്രസമിതിയും ഓരോ ഗ്രാമതല ആസൂത്രണസമിതിയാകണമെന്നും അതിനാവശ്യമായ സാങ്കേതിക വൈദഗ്ദ്യം ഗ്രാമത്തിനകത്തുതന്നെ കണ്ടുപിടിക്കാമെന്നും ഈ സമിതികള്‍ തയ്യാറാക്കുന്ന പ്ലാനുകളുടെ ആകെ തുകയായിരിക്കണം സംസ്ഥാനത്തിന്റെ പഞ്ചവത്സരപദ്ധതിയെന്നുമായിരുന്നു പരിഷത്തിന്റെ ആഗ്രഹം.

കൂവേരി ഗ്രാമശാസ്ത്ര നെയ്ത്തുകേന്ദ്ര-ഉദ്ഘാടന നോട്ടീസ് കൂവേരി ഗ്രാമശാസ്ത്ര നെയ്ത്തുകേന്ദ്ര-ഉദ്ഘാടന നോട്ടീസ്

 

കൂവേരി ഗ്രാമശാസ്ത്രസമിതി ചപ്പാരപ്പടവ് പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട 30 പേര്‍ക്ക് കൈത്തറി നെയ്ത്ത് പരിശീലനം നല്കി തൊഴില്‍ സംരംഭകരാക്കുകയും 75 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി നടത്തി ജനങ്ങള്‍ക്ക് കാര്‍ഷികവൃത്തിയിലുള്ള താല്പര്യം കൂട്ടായ്മയിലൂടെ വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

അവികസിതമായിരുന്ന കൂവേരിഗ്രാമത്തില്‍ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും നിരക്ഷരതാ നിര്‍മ്മാര്‍ജ്ജനത്തിനും നടത്തിയ ‘അസി’ കയ്യെഴുത്ത് മാസിക ശ്രദ്ധേയമായി. ഉദ്യോഗസ്ഥരും, ജനങ്ങളും ഒത്തൊരുമിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു നല്ല ഫലമുണ്ടായി. ദക്ഷത കൂടിയ പരിഷത്ത് അടുപ്പുകള്‍ വീടുകളില്‍ ഏര്‍പ്പെടുത്താനും കക്കൂസ് മനസ്ഥിതി ഉണ്ടാക്കി ഇരട്ടക്കുഴി കക്കൂസുകളും ഇ.എസ്.പി കക്കൂസുകളും ഉണ്ടാക്കാന്‍ സാധിച്ചത് ഗ്രാമത്തില്‍ ഊര്‍ജ്ജസംരക്ഷണത്തിനും, ശുചിത്വത്തിനും സഹായകമായി. ചപ്പാരപ്പടവില്‍ 10 സെന്റ് സ്ഥലത്ത് പലജാതി മരങ്ങള്‍ വളര്‍ത്തിയുണ്ടാക്കിയ ഗ്രാമവനവും, പുഴയോര സംരക്ഷണവുമെല്ലാം ഗ്രാമശാസ്ത്രസമിതിയുടെ നേട്ടം തന്നെ. 1984ല്‍ ചെങ്ങളായി മുതല്‍ കൂവേരി വരെ നടത്തിയ 'നദീ സംരക്ഷണ ജാഥ' പുഴയില്‍ തോട്ടയിടല്‍ നിര്‍ത്തുന്നതിനും സഹായകമായി.

1977ല്‍ പരിഷത്തിന്റെ ശാസ്ത്രസാംസ്കാരികജാഥ ആരംഭിച്ചത് കൂവേരിയില്‍ നിന്നാണ്‌. പരിഷത്തിന്റെ ആദ്യത്തെ ഗ്രാമശാസ്ത്രസമിതിയുടെ ആസ്ഥാനമായ കൂവേരിയില്‍ നിന്ന് 1977 ഒക്ടോബര്‍ 2നു ജാഥ ആരംഭിക്കുകയും തിരുവനന്തപുരം ജില്ലയിലെ പൂവ്വച്ചാലില്‍ നവംബര്‍ 7നു സമാപിക്കുകയും ചെയ്ത ജാഥ, ലണ്ടനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ന്യൂ ഇന്ത്യാ വീക്കിലിയില്‍ കൂടി സ്ഥാനം പിടിക്കുകയുണ്ടായി.

ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്‌’,‘അദ്ധ്വാനശക്തി പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുക’, ‘കേരളത്തെ വ്യവസായവത്കരിക്കുക’, ‘ഭരണവും പഠനവും മലയാളത്തിലാക്കുക’, ‘നിരക്ഷരത നിര്‍മ്മാര്‍ജ്ജനം ചെയ്യുക’ എന്നിവയായിരുന്നു മുദ്രാവാക്യങ്ങള്‍.

ഡോ: എം.പി. പരമേശ്വരന്‍, പി.ടി. ഭാസ്കരപ്പണിക്കര്‍, ഡോ: കെ. ഭാസ്കരന്‍ നായര്‍, പ്രൊഫ: വി.കെ. ദാമോദരന്‍, പ്രൊഫ: എം.കെ. പ്രസാദ്, സി.ജി. ശാന്തകുമാര്‍ തുടങ്ങി കേരളീയരായ ശാസ്ത്രസാങ്കേതികരംഗത്തെ പ്രമുഖരെ കൂടാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നും ശാസ്ത്രജ്ഞസംഘം കൂവേരി ഗ്രാമശാസ്ത്രസമിതിയുടെ പ്രവര്‍ത്തനം നേരിട്ടുകാണുന്നതിനും ക്ലാസ്സെടുക്കുന്നതിനും കൂവേരിയിലെത്തിയിട്ടുണ്ട്.

ഇന്നു സംഘടനയെന്ന രൂപത്തിലുള്ള ഇതിന്റെ പ്രവര്‍ത്തനം നിന്നുപൊയിട്ടുണ്ടെങ്കിലും കൂവേരിയിലെ കൂട്ടായ്മയ്ക്ക് ഗ്രാമശാസ്ത്രസമിതി വളരെ ഉതകിയിട്ടുണ്ടെന്ന് ജനം തിരിച്ചറിയുന്നുണ്ട്.

-കെ. മാധവന്‍ മാസ്റര്‍

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക