കഥയിലുറങ്ങുന്ന കൂവേരി
Written by ആനോത്ത് മുകുന്ദൻ   

കഥയിലുറങ്ങുന്ന കൂവേരിയോ? തലക്കെട്ട് കാണുമ്പോള്‍ അങ്ങനെയൊരു ചോദ്യം ചിലരെങ്കിലും തൊടുത്തുവിട്ടേക്കാം. ന്യായവും സ്വാഭാവികവുമായ ചോദ്യവുമാണത്. അന്വേഷണബുദ്ധിയുടെ തിളക്കമുണ്ട് ആ ചോദ്യത്തിന്‌ താനും. ഇനി വിശദമാക്കാം. നൂറ്റാണ്ട് പിന്നിട്ട മലയാള കഥാസാഹിത്യത്തില്‍ കൂവേരി പശ്ചാത്തലമാക്കി ഒരു പ്രശസ്ത കഥ സ്ഥാനം പിടിച്ചിരുന്നു. നീണ്ട 118 വര്‍ഷത്തിന്റെ പഴക്കമുണ്ടെങ്കിലും ഇപ്പോഴും അതു ആസ്വാദ്യതയിലും പ്രശസ്തിയിലും മുടിചൂടാമന്നനായി നിലനില്‍ക്കുന്നുണ്ട്. ഏതാണപ്പാ ആ കഥയെന്നാവും ഇപ്പോഴത്തെ ചോദ്യം. മലയാളത്തിലെ ആദ്യ കഥയുടെ പേര്‌ വാസനാവൃകൃതിയെന്നാണല്ലോ. അതെഴുതിയത് കേസരി-വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരാണ്‌. ആദ്യകാല കഥാകാരനായ ഈ പൊന്നുതമ്പുരാന്റെ രണ്ടാമത് സൃഷ്ടി മേനോക്കിയെ കൊന്നതാരാണ്‌ എന്ന പേരിലാണ്‌ പ്രസിദ്ധീകൃതമായത്. ആ ശ്രദ്ധേയമായ കഥയിലാണ്‌ കൂവേരി ഗ്രാമം പരാമൃഷ്ടമാകുന്നത്.


 

1893 - മെയ് മാസം വിദ്യാവിനോദിനി മാസികയില്‍ (പുസ്തകം 4 നമ്പര്‍ : 7) അച്ചടിച്ചുവന്ന ആ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്‌:

ഈ കഴിഞ്ഞ കന്നി പതിനൊന്നാം തീയതി ശനിയാഴ്ച അരുണോദയത്തിന്‌ മുമ്പ് തിരുവട്ടൂര്‌ നിന്ന് സാള്‍ട്ട് ഇന്‍സ്പെക്ടര്‍ കൃഷ്ണമേനോക്കി യാത്രയ്ക്ക് പുറപ്പെട്ടപ്പോള്‍ കുട്ടിക്ക് മുലകൊടുത്തും കൊണ്ടിരിക്കുന്ന തന്റെ ഭാര്യ ”ഇന്നെവിടത്തേയ്ക്ക് ഇത്ര നേരത്തെ“ എന്നു ചോദിച്ചു. ”കൂവേരിയെക്കൂടി ഒരിക്കല്‍ ഏര്യത്തോളം പോയിട്ടുവരണം. സന്ധ്യയ്ക്കുമുമ്പുതന്നെ മടങ്ങിയെത്തും“ എന്ന് പറഞ്ഞ് കുട്ടിയെടുത്തു ഒന്നു ചുംബിച്ചു. ”ശനിയാഴ്ചയായിട്ട് വടക്കോട്ട് നന്നല്ല. ചീത്തവഴിയുമാണ്‌. നന്നാ സൂക്ഷിക്കണം. അധികം താമസിക്കരുത്“ എന്ന്‌ ലക്ഷിപറഞ്ഞപ്പോള്‍ ”ഏ് ഒന്നും സൂക്ഷിക്കാനില്ല. ശനി ഉഷ സര്‍വ്വസിദ്ധി എന്നല്ലേ പറഞ്ഞിട്ടുള്ളത്“ എന്ന് മറുപടിയും പറഞ്ഞ് തനിക്കുവരാന്‍ പോകുന്ന അത്യാപത്തിനെപ്പറ്റി സ്വപ്നേപി യാതൊരറിവും ഇല്ലാതെ അസ്തമനത്തിനു മുമ്പായിത്തന്നെ തീര്‍ച്ചയായി മടങ്ങിയെത്തുമെന്നുള്ള വിചാരത്തോടുകൂടി മേനോക്കി മേനോക്കിയുടെ പാട്ടിനും ഭാര്യ അകത്തേക്കും പോയി

 

 

അക്കാലത്തെ സര്‍ക്കാര്‍ ജീവനക്കാരനായ സാള്‍ട്ട് ഇന്‍സ്പെക്ടര്‍ കൃഷ്ണമേനോക്കി തന്റെ ജോലിയുടെ ഭാഗമായി വനാന്തരപ്രദേശത്തുകൂടെ സഞ്ചരിക്കുന്നിതിനിടയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുന്നതും തുടര്‍ന്നുണ്ടാവുന്ന ചില സംഭവങ്ങളുമാണ്‌ പ്രമേയം. മലയാളത്തിലെ പ്രഥമ അപസര്‍പ്പക നര്‍മ്മകഥയാണ്‌ ഇവിടെ എടുത്തുകാട്ടപ്പെടുന്നത്.

 

കഥയെക്കുറിച്ചല്ല, കഥാകാലത്തെക്കുറിച്ചാണ്‌ ഇവിടെ വിഷയമാക്കുന്നത്. ചിറക്കല്‍ താലൂക്കിലെ തളിപ്പറമ്പ് ഫര്‍ക്കയിലെ കുറ്റ്യേരി അംശം കൂവേരി ദേശത്തില്‍ പെട്ട സ്ഥലമാണ്‌ കഥയില്‍ എടുത്തുകാട്ടുന്നത് എന്ന് പറയാം. അതുകൊണ്ട്തന്നെ കഥ കൂവേരിയുടെ ഭാഗമായി മാറുന്നു. മറ്റൊരുകാര്യം അക്കാലത്ത് ഇന്നാട്ടു ഗ്രാമത്തിന്റെ ചുറ്റുവട്ടത്തിലുള്‍പ്പെട്ട ഭൂരിഭാഗം സ്ഥലങ്ങളും വേങ്ങയില്‍ തറവാട്ടുകാരുടെ വകയായുള്ളതാണെന്നും കാണാം. അതുകൊണ്ട് കൂടിയാവണം കഥയുടെ പശ്ചാത്തലം ഈ ഭാഗങ്ങളില്‍ കേന്ദ്രീകരിച്ചു നിന്നത്. ഗ്രാമപ്പഴമയുടെ മഹനീയമായ ഏടിലേക്ക് തുറക്കപ്പെടുന്ന മറ്റൊരദ്ധ്യായമായി ഈ അക്ഷരസാക്ഷ്യം എന്നെന്നും നിലനില്‍ക്കുകതന്നെ ചെയ്യും.

 

-ആനോത്ത് മുകുന്ദന്‍
കൂവേരി
0460 2270487

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക