മുച്ചിലോട്ട്‌ ഭഗവതി ക്ഷേത്രം, മുച്ചിലോട്ട്‌

വാണിയ സമുദായക്കാരുടെ കുലദേവതയായ മുച്ചിലോട്ട് ഭഗവതിയുടെ ഈ ക്ഷേത്രം മുന്നൂറിൽ പരം വർഷങ്ങൾക്ക് മുമ്പ് നിലവിൽ വന്നതായി വിശ്വസിക്കപ്പെടുന്നു. നടുവിലെ വീട്ടിൽ തറവാട്ടുകാരാണ്‌ ഇത് നിർമ്മിച്ചതെന്ന് കരുതുന്നു. സാമ്പത്തിക പരാധീനത മൂലം മറ്റ് നാല്‌ തറവാട്ടുകാർക്ക് അവകാശങ്ങൾ വിട്ടുകൊടുക്കേണ്ടി വന്നു. ക്ഷേത്രം നിർമ്മിക്കാൻ സ്ഥലം നീര്‌ വീഴ്ത്തിക്കൊടുത്തത് നമ്പ്യാർ സമുദായക്കാരായ കോളിയാട്ട് വീട്ടുകാരാണ്‌. ഒന്നാം കോയ്മയായ കോളിയാടനു പിറകെ കല്ലൂർ വീട്, പുല്ലായിക്കൊടി വീട്, പോത്തേര വീട്, കടമ്പൂര്‌ വീട്, കൊട്ടക്കാനം വീട്, കരിപ്പാൽ വീട് എന്നിവർ കോയ്മകളാണ്‌.

ജനകീയ സമിതിയാണ്‌ ഇന്നു ക്ഷേത്രഭരണം നടത്തുന്നത്. ക്ഷേത്രം തന്ത്രിയുടെ ഉപദേശ-നിർദ്ദേശ പ്രകാരം പാരമ്പര്യം കൈവിടാതെ ക്ഷേത്രം നടത്തിക്കൊണ്ട് പോകുന്നു. ഉപദേവതമാരിൽ നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ എന്നീ ദേവതമാരും കൂടാതെ വിഷ്ണുമൂർത്തി, ഗുളികൻ എന്നീ മൂർത്തികളും മറ്റ് മുച്ചിലോട് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കരിഞ്ചാമുണ്ഡിയുടെ ക്ഷേത്രവും പ്രതിഷ്ഠയും ഇവിടെയുണ്ട്.

എല്ലാ മലയാള മാസവും സംക്രമ പൂജ, മലയാള മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച്ച അടിയന്തിരം, മേടമാസത്തെ വിഷു, കർക്കിടകത്തിലെ ‘നിറ’, ചിങ്ങമാസം പുത്തരി, കന്നിയിൽ ‘മറുപുത്തരി’, ‘തുലാപ്പത്ത്’, വൃശ്ചികം എട്ടിന്‌ ‘പോതുകുലകൊത്തൽ’, വൃശ്ചികം പതിനഞ്ചിന്‌ ഉദയാസ്തമന പൂജ, മകരം പതിനൊന്നിന്‌ പ്രതിഷ്ഠാദിനം (കലശാട്ട്, അടിയന്തിരം), കുംഭം പതിനെട്ടിന്‌ വേലചുറ്റുവിളക്ക് (കളിയാട്ട നീർപാതി), മീനം എഴുദിവസത്തെ പൂരോത്സവം എന്നിങ്ങനെയാണ്‌ അടിയന്തരാദികൾ. കൂടാതെ ഭക്തജനങ്ങളുടെ വഴിപാടായി ചൊവ്വവിളക്ക് അടിയന്തിരവും ഉണ്ടാകാറുണ്ട്.

1992 ൽ ആണ്‌ ഒടുവിലായി ഈ ക്ഷേത്രത്തിൽ പെരുങ്കളിയാട്ടം നടന്നത്.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക