സോമേശ്വരി ക്ഷേത്രം, കൂവേരി

പോത്തേര രാമനെഴുത്തച്ഛനാൽ നിർമ്മിക്കപ്പെട്ടതാണ്‌ ശ്രീ സോമേശ്വരി ക്ഷേത്രം. ഇവിടുത്തെ പ്രതിഷ്ഠയായ സോമേശ്വരി പടപ്പേങ്ങാട്‌ സോമേശ്വരി ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളി എന്നാണ്‌ വിശ്വാസം. ഈ ക്ഷേത്രം നിർമ്മിക്കുന്നതിനു മുമ്പാണ്‌ പോത്തേരെഴുത്തച്ഛൻ സൂര്യസ്തുതി രചിച്ചത്‌.

 

വളരെനാൾ കാടുകയറി കിടക്കുകയായിരുന്ന ക്ഷേത്രം ദൈനം ദിന കാര്യങ്ങൾ നടത്താൻ വയ്യാതെ പൂട്ടിക്കിടക്കുകയായിരുന്നു. 1976 ൽ നാട്ടുകാരുടെയും കല്ലൂർ തറവാട്ടുകാരുടെയും സംയുക്ത കമ്മിറ്റി രൂപംകൊള്ളുകയും ക്ഷേത്രകാര്യങ്ങൾ തുടർന്നു മുന്നോട്ട്‌ കൊണ്ടുപോകുവാൻ തീരുമാനിക്കുകയും ക്ഷേത്ര പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയ്തു. അന്നത്തെ അഗ്രീമെന്റ്‌ പ്രകാരം ക്ഷേത്രം റെജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ പൂർണ്ണസ്വാതന്ത്ര്യത്തിൽ കമ്മിറ്റിക്ക്‌ പ്രവർത്തിക്കാൻ കാരണവന്മാർ അനുവാദം നല്കുകയും ചെയ്തു. അതുപ്രകാരം 1980 ൽ S 369/80 നമ്പറിൽ ക്ഷേത്രം റെജിസ്റ്റർ ചെയ്തു.

 

അതേകാലഘട്ടത്തിൽ വിവിധ വ്യക്തികളുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി ഉണ്ടാവുകയും മികച്ച പ്രവർത്തനം കാഴ്ച്ചവെക്കുകയും ചെയ്തു. പരേതരായ എം.ഒ. ദാമോദരൻ നമ്പ്യാർ, പി.പി. നാരായണൻ നമ്പ്യാർ എന്നിവർ ആയിരുന്നു ദീർഘകാലം പ്രസിഡന്റ്‌ പദവിയിലിരുന്നത്‌.

 

1998 ൽ അഷ്ടബന്ധ നവീകരണ കലശം നടത്തി. പി.പി. നാരായണൻ നമ്പ്യാർ (നാണു നമ്പ്യാർ) കണ്‍വീനറും, പരേതനായ കെ.വി. കണ്ണൻ മാസ്റ്റർ ജോ. കൺവീനറുമായ കമ്മിറ്റിയാണ്‌ മേൽനോട്ടം വഹിച്ചത്‌.

 

പ്രതിഷ്ഠാദിനം കൂടിയായ മീനം - 25നാണ്‌ ക്ഷേത്രോത്സവം നടക്കുന്നത്‌. കൂവേരിയിൽ തിടമ്പുനൃത്തം നടക്കുന്ന ഏക ക്ഷേത്രം കൂടിയാണ്‌ ഇത്‌. മീനം 27നു നടയിലാട്ട്‌ നടത്തപ്പെടുന്നു. കരിഞ്ചാമുണ്ഡി, മംഗരചമുണ്ഡി, പരവ തുടങ്ങിയ തെയ്യക്കോലങ്ങൾ എല്ലാവർഷവും കെട്ടിയാടുന്നു. മൂന്ന്‌ വർഷം കൂടുമ്പോൾ ആലോട്ട്‌ ഭഗവതി, കമ്മിയമ്മ, പരാളിയമ്മ, വണ്ണാത്തിപ്പോതി എന്നീ തെയ്യക്കോലങ്ങളും കെട്ടിയാടിച്ചുവരുന്നു.

 

2009 ലും 2010 ലും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടത്തിയിരുന്നു.

 

നവരാത്രികാലത്തെ നിറമാലയും, വിജയദശമി ദിനത്തിലെ എഴുത്തിനിരുത്തലും നിരവധിപേരെ ആകർഷിച്ചുവരുന്നു. കർക്കടകമാസത്തിൽ ഗണപതിഹോമവും നടന്നുവരുന്നു.

 

പി.പി.നാരായണൻ നമ്പ്യാർ (നാണു നമ്പ്യാർ) പ്രസിഡന്റും, കെ.വി.രാഘവൻ സെക്രട്ടറിയുമായ നാട്ടുകാരുടെ കമ്മിറ്റിയാണ്‌ ഇവിടെ ക്ഷേത്രഭരണം നടത്തുന്നത്‌.


 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക