പ്രിയദര്‍ശിനി ആര്‍ട്സ്‌ & സ്പോര്‍ട്സ്‌ ക്ളബ്ബ്‌, കൂവേരി വയല്‍

1984 ഡിസംബർ മാസം കൂവേരിയുടെ മണ്ണിൽ ഏറെ പ്രതീക്ഷകളുണർത്തിക്കൊണ്ട് പിറന്നു വീണ ഈ ക്ലബ്ബ് ഒരു അംഗീകൃതമായ സ്ഥാപനമായി മാറിയത് 1985ലാണ്. ഗ്രാമത്തിന്റെ സംസ്കാരം തനതു രീതിയിൽ നിലനിർത്തിക്കൊണ്ട് പ്രവർത്തങ്ങൾ മുന്നോട്ട് നീക്കിയ ഈ സ്ഥാപനം ഏറെ ദുഖം ഏറ്റു വാങ്ങേണ്ടി വന്ന ഒരു വർഷം കൂടിയാണ് 1985. പ്രിയദർശിനിയുടെ പ്രിയപ്പെട്ട സ്ഥാപക നേതാവ് പി.വി. വേലായുധൻ അകാലത്തിൽ ക്ലബ്ബിനെ വിട്ടു പിരിഞ്ഞു. ഇന്നും നികത്താനാകാത്ത ഒരു വിടവായി അത് തുടരുന്നു.

 

തുടക്കം മുതൽ കുറേ വർഷം കെ.വി. വിജയൻ അനുവദിച്ച കെട്ടിടത്തിൽ പ്രവർത്തനം നടത്തിയ ക്ലബ്ബിന് ഇന്നും സ്വന്തമായി ഒരു കെട്ടിടമില്ല. പ്രിയപ്പെട്ട നാട്ടുകാരുടെ സഹകരണം കൊണ്ട് 1989ൽ കൂവേരി വായനശാല സ്റ്റോപ്പിൽ ഒരു വെയ്റ്റിംഗ് ഷെൽട്ടർ നിർമ്മിക്കാൻ ക്ലബ്ബ് നേതൃത്വം കൊടുത്തു. തുടക്കം മുതൽ ക്ലബ്ബിന്റെ ഒരു സഹോദര സ്ഥാപനം പോലെ പ്രവർത്തിക്കുന്ന യുവജന വായനശാല & ഗ്രന്ഥാലയം ഇന്നും ഒരു തുണയായി കൂടെയുണ്ട്.

 

കലാരംഗത്ത് ചെറിയ ചലനങ്ങളുമായി നീങ്ങിയ പ്രിയദർശിനി കായിക രംഗത്തും ശ്രദ്ധ പതിപ്പിച്ചു. ക്ലബ്ബിന്റെ പേരിലുള്ള വോളിബോൾ ടീം ടൂർണ്ണമെന്റുകളിൽ പങ്കെടുത്തു. സ്വന്തമായി ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. 1987 മുതൽ 1994 വരെ പി.വി. വേലായുധൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയും, ഇ.കെ. കേശവൻ നമ്പ്യാർ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കുവേണ്ടിയും ആയിരുന്നു ടൂർണ്ണമെന്റ്. ടെലിവിഷൻ പോലുള്ള ആധുനിക വാർത്താവിനിമയ മാധ്യമങ്ങളില്ലാത്ത കാലത്ത് സിനിമാ പ്രദർശനങ്ങൾ സംഘടിപ്പിച്ച് ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടി.

 

എല്ലാ വർഷവും ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചും , കേരംസ്-ചെസ്സ് ടൂർണ്ണമെന്റുകൾ സംഘടിപ്പിച്ചും മറ്റു പരിപാടികൾ സംഘടിപ്പിച്ചും നാട്ടുകാരെ ഒന്നിപ്പിക്കാൻ ക്ലബ്ബ് ശ്രമിക്കുന്നുണ്ട്. കൂവേരി യുവജന വായനശാല & ഗ്രന്ഥാലയം വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ച സമയങ്ങളിലൊക്കെ ക്ലബ്ബ് സജീവമായി പ്രവർത്തനങ്ങളിൽ പങ്കെടുത്തു. 1999 ൽ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ മറ്റു ക്ലബ്ബുകളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് ഈ സ്ഥാപനം ഓവറോൾ കിരീടം നേടി. ഇത് ക്ലബ്ബിന്‍റേയും നാടിന്റെയും അഭിമാനം ഉയർത്തിയ വിജയമായിരുന്നു. ബ്ലോക്ക് കലോത്സവത്തിലും വിജയം നേടി.

 

2000 സെപ്റ്റംബർ മാസം പ്രിയദർശിനിയുടെയും നാടിന്റെയും പ്രിയപ്പെട്ട കെ.സി പ്രശാന്ത് ഈ ലോകത്തോട് വിടപറഞ്ഞു. ഒരു നാടിന്റെ മുഴുവൻ സ്നേഹം ഏറ്റു വാങ്ങിയ പ്രശാന്ത് ജീവിച്ചിരിപ്പില്ലെങ്കിലും ഇന്നും നാട്ടുകാരുടെ മനസ്സില്‍ തന്നെയുണ്ട്. – സ്നേഹമായ്…ഓർമ്മയായ്… പ്രോത്സാഹനമായ്. എല്ലാ വർഷവും പി.വി. വേലായുധന്റെയും, കെ.സി പ്രശാന്തിന്റെയും ചരമ ദിനം ക്ലബ്ബ് സമുചിതമായി ആചരിക്കുന്നുണ്ട്. ഉപന്യാസരചന, ക്രോസ് കൺട്രി, കമ്പവലി തുടങ്ങിയ മത്സരങ്ങൾ പി.വി. വേലായുധന്റെ ചരമ ദിനത്തിൽ നടത്തിയിട്ടുണ്ട്. കെ.സി. പ്രശാന്ത് മെമ്മോറിയൽ അവാർഡ് എന്ന പേരിൽ ക്ലബ്ബ് ഏർപ്പെടുത്തിയ അവാർഡ് വിദ്യാഭ്യാസ മേഖലയിലെ ഉന്നത വിജയികൾക്ക് നൽകിവരുന്നു. 2002 ജനുവരി 1ന് ക്ലബ്ബിന്റെ ആദ്യകാല പ്രവർത്തകൻ എ.പി.കെ. സുരേന്ദ്രൻ അകാലചരമം പ്രാപിച്ചത്‌ നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി. ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ എന്നും മുൻ നിരയിൽ നിന്ന അദ്ദേഹം തൊട്ട് മുൻ വർഷം വേനലവധിയിൽ ക്ലബ്ബ് നടത്തിയ പഠനക്ലാസ്സിൽ - സമ്മർ സ്കൂളിൽ ഐ.ടി മേഖലകളെ കുറിച്ച് അദ്ദേഹം ക്ലാസ്സെടുത്തിരുന്നു.

 

സ്റ്റേജ് പ്രോഗ്രാമുകളിലൂടെ ജനങ്ങളെ അടുപ്പിക്കാൻ ക്ലബ്ബ്‌ പലപ്പോഴായി ചെറുതെങ്കിലും മോശമല്ലാത്ത ശ്രമം നടത്തിയിരുന്നു. 1999ൽ പാവനാടകം, 2004ൽ രണ്ട് തവണ കരോക്കെ ഗാനമേള നടത്തിയിരുന്നു. കൂവേരിയുടെ സംസ്കാരവും പാരമ്പര്യവും ഒത്തിണക്കുന്ന ‘ഓണനിലാവ്' എന്ന പ്രസിദ്ധീകരണം ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ രേഖകളിലുളള ഉദാഹരണമാണ്. വിവിധ തെരഞ്ഞെടുപ്പ് വേളകളിൽ പ്രവചന മത്സരങ്ങള്‍ സംഘടിപ്പിക്കുവാൻ ക്ലബ്ബിന് സാധിച്ചിട്ടുണ്ട്.

 

ക്ലബ്ബിന്റെ ഇരുപതാം വാർഷികം സംഘടിപ്പിക്കുന്നതിന് പി.കെ. രാധാകൃഷ്നൻ കൺവീനറായി ഒരു ജനകീയ കമ്മറ്റി രൂപീകരിക്കുകയും 2005 എപ്രിൽ 9 ന് കൂവേരി വയലിൽ വെച്ച് ക്ലബ്ബിന്റെ ഇരുപതാം വാർഷികം നൂറുകണക്കിന് ജനങ്ങളെ സാക്ഷിനിർത്തിക്കൊണ്ട് അരങ്ങേറുകയും ചെയ്തു. പരിപാടിയോടനുബന്ധിച്ച് വിവിധ കലാകായിക മത്സരങ്ങളും നാടകങ്ങളും നൃത്തനൃത്യങ്ങളും അരങ്ങേറി. ക്ലബ്ബിന്റെയും യുവജന വായനശാലയുടെയും പ്രവർത്തകരെ അണിനിരത്തിക്കൊണ്ട് അവതരിപ്പിച്ച ഇബ്രാഹിം വെങ്ങരയുടെ 'മേടപ്പത്ത്' എന്ന നാടകത്തിന് നാട്ടുകാരിൽ നിന്നും നല്ല പ്രതികരണം ലഭിക്കുകയും ചെറിയൂർ സ്കൂളിൽ അതേ നാടകം 'മംഗളം നേരുന്നു' എന്ന പേരില്‍ അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കുകയും ചെയ്തു. 2008ലെ ഓണാവധിക്കാലത്ത് 'പൊന്നോണക്കൂട്ടം 2008' എന്ന പേരിൽ ദ്വിദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയിൽ അൻപതോളം കുട്ടികൾ സജീവമായി പങ്കെടുത്തു. എല്ലാ വർഷവും വിനോദ-വിജ്ഞാന-തീർത്ഥാടന യാത്രകൾ സംഘടിപ്പിച്ച് ക്ലബ്ബ് നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റി.

 

2009 ൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രിയദർശിനി വാദ്യസംഘം രൂപീകരിക്കുകയും പയ്യന്നൂരിലെ കെ.വി. മണിയുടെ ശിക്ഷണത്തിൽ ഇന്നാട്ടിലെ ഇരുപതോളം കലാകാരന്മാർക്ക് ചെണ്ടമേളത്തിൽ പരിശീലനം നൽകുകയും വാദ്യസംഘത്തിന്റെ അരങ്ങേറ്റം 2009 ഫെബ്രുവരി 23 ന് കൂവേരി ശ്രീ സോമേശ്വരി ക്ഷേത്രസന്നിധിയിൽ വെച്ച് നൂറുകണക്കിന് കലാസ്നേഹികളെ സാക്ഷി നിറുത്തി ക്ഷേത്രമേൽശാന്തി രാജനാരായണൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉൽഘാടനം നിർവ്വഹിച്ചു. വാദ്യസംഘത്തിന് ഇതുവരെയായി വിവിധ സ്ഥലങ്ങളിലായി ഇരുപതോളം പരിപാടികൾ ലഭിക്കുകയും ചെയ്തു.

 

ക്ലബ്ബിന്റെ ആരംഭകാലം മുതലുള്ള പ്രവർത്തകരുടെയും നാട്ടുകാരുടെയും ഒരു സ്വപ്നമായിരുന്ന –സ്വന്തമായി ഒരു കളിസ്ഥലം – എന്നത് യാഥാർഥ്യമാക്കുന്നതിനായി എ.പി.കെ. ദാമോദരൻ നമ്പ്യാർ ചെയർമാനായും പി.പി. നാരായണൻ നമ്പ്യാർ കൺവീനറായും ഒരു വിപുലമായ ജനകീയ കമ്മറ്റി രൂപീകരിക്കുകയും അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തുകയും സ്ഥലം സ്വന്തമാക്കുന്നതിനുള്ള ഊർജ്ജ്വസ്വലമായ പ്രവർത്തനങ്ങൾ സ്വീകരിച്ചുവരികയും ചെയ്യുന്നു.

 

ചുരുക്കത്തിൽ, കൂവേരിയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, കലാമേഖലകളിലും വിദ്യാഭ്യാസ സാഹിത്യ മേഖലകളിലും കായിക മേഖലകളിലും പ്രിയദർശിനി സജീവമായി ഇടപെട്ടു. വൈശാഖ്.പി (സെക്രട്ടറി), അനിൽ.പി.വി (പ്രസിഡന്‍റ്) ആയ 9 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി ആണ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നത്.

 

കെ.സി. പ്രശാന്ത്‌ കെ.സി. പ്രശാന്ത്‌

 

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക