കൂവേരി ജി എല്‍ പി സ്കൂള്‍

കൂവേരിയിലെ പ്രസിദ്ധമായ ജന്മികുടുംബമായ പോത്തേര കല്ലൂർ വീട്ടിലെ കാരണവന്മാർ കുടുംബത്തിലുള്ള കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുവാൻ 1906 ൽ സ്ഥാപിച്ച എഴുത്തു പള്ളിക്കൂടമാണ്‌ പിന്നീട് ഗവ: എൽ.പി.സ്കൂളായി മാറിയത്. കൂവേരി ശ്രീ സോമേശ്വരി ക്ഷേത്രത്തിനു താഴെയുള്ള ഒരു പറമ്പിലായിരുന്നു പള്ളിക്കൂടം ആരംഭിച്ചത്. പിന്നീട് സ്കൂൾ ഇന്നു സ്ഥിതിചെയ്യുന്ന ചക്കരക്കുന്ന് പറമ്പിലേക്ക് മാറ്റി. 1937 ൽ അഞ്ചാം ക്ളാസ്സ് വരെയുള്ള സ്കൂൾ ആയി ഉയരുകയും പിന്നീട് മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് ഏറ്റെടുക്കുകയും ചെയ്തു. 1957 ൽ ഗവ: എൽ.പി. സ്കൂളായി മാറി. കല്ലൂർ കോമൻ മാസ്റ്റർ, കല്ലൂർ ശേഖരൻ മാസ്റ്റർ എന്നിവർ ഇവിടുത്തെ ആദ്യകാല അദ്ധ്യാപകരായിരുന്നു. തുടർന്ന് കെ. കുഞ്ഞനന്തൻ നമ്പ്യാർ, കെ. കൃഷ്ണൻ നമ്പ്യാർ, കെ. കുഞ്ഞിരാമൻ നമ്പ്യാർ എന്നിവർ അദ്ധ്യാപരായി സേവനമനുഷ്ഠിച്ചു.

 

1962 ലാണ്‌ സ്കൂളിന്റെ കെട്ടിടം ആദ്യമായി പുതുക്കിപണിതത്. ഡോ: പി.പി. ബാലൻ മാസ്റ്റർ ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ്‌ ഇവിടുത്തെ കുടിവെള്ള പ്രശ്നത്തിന്‌ പരിഹാരം കണ്ടുകൊണ്ട് വാട്ടർ അതോറിട്ടിയുടെ കുടിവെള്ള സൗകര്യം ഏർപ്പെടുത്തിയത്.

 

എം.ഒ. ശ്രീധരൻ നമ്പ്യാർ(പ്രസിഡന്‍റ്), പി.വി. രാമചന്ദ്രൻ മാസ്റ്റർ(സെക്രട്ടറി), പി. ലക്ഷ്മണൻ (വൈസ്. പ്രസി), ടി. ആനന്ദകൃഷ്ണൻ (ജോ. സെക്ര), പി.പി. നാരായണൻ നമ്പ്യാർ (ട്രഷറർ) എന്നിവർ ഭാരവാഹികളായ പൂർവ്വ വിദ്യാർത്ഥി സംഘടന നിലവിലുണ്ട്. 2003 ൽ SSA(സർവ്വ ശിക്ഷാ അഭിയാൻ) നിലവിൽവന്നതോടുകൂടി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. ടി. ഗോവിന്ദൻ MP യുടേയും, എം.വി. ഗോവിന്ദൻ മാസ്റ്റർ MLA യുടേയും പ്രാദേശിക-വികസന ഫണ്ടിൽ നിന്ന് സ്കൂളിന്റെ വികസനത്തിനാവശ്യമായ സഹായം ലഭിച്ചിട്ടുണ്ട്.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക